Stories

ഉറക്കത്തിന്റെ പാതി വഴി

പുഴയുടെ നീണ്ടു കിടക്കുന്ന കരങ്ങൾ പുതു മണ്ണിനെ പുൽകിപോകുമ്പോളാണ് അച്യുതൻ നായർ പശുവിനു പുല്ലു വെട്ടാൻ അതിലെ നടന്നു വന്നത്. പായല് പിടിച്ച കൽ പടവിന്റെ അരികിൽ വിഷ്ണു ഒറ്റക്കിരിക്കുകയായിരുന്നു. മുറുക്കി ചുവന്ന വായ കഴുകാനായി അച്യുതൻ നായർ കല്പടവുൾ ഇറങ്ങി. “ന്തെന്നെടാ കന്നാലി നീ ഇബടെ ഇരിയ്ക്കുന്നെ?”

വിഷ്ണുവിന് പരിഭ്രമം തോന്നി. ക്ഷേത്രത്തിൽ നിന്ന് ഉയരുന്ന ഭഗവതപാരായണം ഒരു കാരണമാക്കാമെന്നു അവനു തോന്നിയെങ്കിലും ഭഗവതിയുടെ കോപം ഭയന്ന് ഒന്നുമില്ല എന്ന് അവൻ മുരടനക്കി. അതത്ര ബോധിച്ചില്ല എന്ന് കണ്ടു അച്യുതൻ നായർ പശുവിനു പുല്ലരിയാണ് തുടങ്ങി. റബര് ചെരുപ്പ് മുറിച്ചു ഉണ്ടാക്കിയ ഇരു ചാടൻ വണ്ടി തന്റെ അരികിലേക്ക് നീക്കി വച്ച് അവൻ അച്യുതൻ നായരെ സാകൂതം നോക്കി.

“പുല്ലേപ്പറമ്പിലെ അമ്മിണിക്കുട്ടി മരിച്ചിട്ടു ഇന്നേക്ക് രണ്ടാഴ്ചയായി” …… പുല്ലു മുറിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു. ” ഡാ കന്നാലി, നീ ഇബടെ ഇങ്ങനെ ഒറ്റ ക്ക വന്നിരിക്കുക?”

” ആ കുട്ടി വെള്ളത്തിൽ മുങ്ങീല്ലേ മരിച്ചത്?.. നിന്റെയൊപ്പം അല്ലെ അതും പഠിച്ചത്?

” ആ…”

വിഷ്ണു ഒരു വാക്കിൽ ഉത്തരം മുഴുവിപ്പിച്ചു

“നിനക്കറിയാമോടാ അതെന്തിനാ ചത്തെന്നു?”

“നിക്കെങ്ങനെ അറിയാം?”

” പറഞ്ഞിട്ടെന്താ..സ്വത്തിലൊന്നും ഒന്നുമില്ലെടാ,,, ദൈവം വിളിക്കുമ്പോ ആരായാലും പോണം…പടിഞ്ഞാറിരുന്നു കൂമൻ മൂളിയപ്പോഴേ ഞാനോർത്തത് ആരേലും പോകുമെന്ന്…വാര്യത്തെ തള്ളയാകുമെന്ന കരുതീത്…പക്ഷെ”

വിഷ്ണുവിന് കുറേശ്ശെ പേടി തോന്നി. തെക്കുനിന്നും വന്ന കാറ്റിന് അരളിപ്പൂവിന്റെ ഗന്ധം….
അതവന്റെ വാസന ഗ്രന്ധികളെ തൊട്ടു തലോടി. ഓർമ്മകൾ ഏതോ കുന്നിൻ പുറത്തു മേയാൻ വിട്ടു അവൻ കണ്ണുകൾ അടച്ചു..

“വിഷ്ണു ഇവിടെ എന്തെടുക്കുവാ ?”
പട്ടു പാവാട അണിഞ്ഞു അമ്മിണിക്കുട്ടി. അവൻ ഞെട്ടലോടെ അവളെ നോക്കി. ചന്ദനക്കുറിയിൽ നിറഞ്ഞ ശ്രീത്വം അവളുടെ പുഞ്ചിരിയിൽ പ്രസരിച്ചു.

” അമ്മിണിക്കുട്ടി ചത്തില്ലേ?”
അവൾ ആഞ്ഞു ചിരിച്ചു
” ചാകുകയോ….ആരാ വിഷ്ണുവിനോട് ഈ പുളു പറഞ്ഞത്?”
” ദേ ഇപ്പൊ ചന്നോട്ടെ ആ പുളുവൻ നായർ ആണ്”
” അയാളോ അയാളിന്നലെ എന്റടുത്തു പറയ്ക അയാളുടെ മകൻ ഇക്കുറി ബോംബയിൽ നിന്ന് വന്നത് വിമാനത്തിലാണെന്നു.”
“അല്ലെ?”
“കുന്തം…നീ ഒരു പാവമാ എല്ലാരേം വിശ്വസിക്കും”
“ഓ അങ്ങനാണോ.”
“അയാളുടെ മകനവിടെ ഏതോ ഹോട്ടലിൽ കുശിനിപ്പണിയ”
“നിനക്കാതെങ്ങനെ അറിയാം?”
“വല്യമ്മാവൻ പറയുന്ന കേട്ട്”

കല്പടവിന്റെ താഴത്തു പരൽ മീനുകൾ പതിവില്ലാതെ വന്നു എത്തി നോക്കുന്നു. ഇളം വെയിൽ പുഴയെ തൊട്ടു തലോടുന്നു. കാറ്റിന്റെ സംഗീതം ഇല്ലിക്കാട് ഏറ്റു പാടുന്നു.

” ഇന്നിവിടെ ഇരിക്കാൻ നല്ല രസം തോന്നുന്നു അല്ലെ വിഷ്ണു?”
” പണ്ടിവിടെ നിറയെ തുമ്പികൾ ഉണ്ടാരുന്നു….ആ പുളു നായർ വന്നു അയാടെ പശുവിനു പുല്ലു പറിച്ചു അവറ്റകളൊന്നും ഇല്ല ഇപ്പൊ..”
“നിനക്ക് തുമ്പികൾ അത്രക്കിഷ്ട?”
“മ്”
“നീ അങ്ങോട്ട് ഒന്ന് നോക്കിക്കേ?”

അമ്മിണിക്കുട്ടി കൈ ചൂണ്ടിയിടത്തേക്കു വിഷ്ണുവിന്റെ നോട്ടം ഊളിയിട്ടു. ചുവന്ന തുമ്പികൾ
ഒന്നല്ല ഒരായിരം ഉണ്ട്….അവയിങ്ങനെ വെള്ളത്തിന്റെ മുകളിലൂടെ തത്തിക്കളിക്കുകയാണ്

വിഷ്ണു ആഹ്ലാദത്തോടെ അമ്മിണിക്കുട്ടിയെ നോക്കി. അവൾ കൈ കൊട്ടി ചിരിക്കുന്നു.

“ഒന്നും എങ്ങും പോയിട്ടില്ല വിഷ്ണു…എല്ലാം നിന്റെ ഹൃദയത്തിലുള്ളടത്തോളം കാലം…”
വിഷ്ണുവിന്റെ ഹൃദയം നിറഞ്ഞു. കാല്പനികതയുടെ ഏതോ ഒരു വിഹായസ്സിൽ അവൻ പറന്നു നടന്നു …ആ തുമ്പികളും ഒന്നിച്ചു…

അമ്മിണിക്കുട്ടി കണം കാലോളം വെള്ളത്തിൽ ഇറങ്ങി…സ്വർണ പദസരത്തിലേക്കു മീനുകൾ ഉമ്മ വക്കാൻ നീന്തി അടുത്തു…അവൾ ഇക്കിളി പൂണ്ടു ചിരിച്ചു…അവളുടെ കാലിലേക്ക് നോക്കിയ വിഷ്ണു പകച്ചു പോയി. കാലിൽ നിന്ന് അരിച്ചിറങ്ങുന്ന കട്ടച്ചോര..

“അമ്മിണികുട്ടി ” അവൻ ഉറക്കെ വിളിച്ചു..

“അന്നും ഞാൻ നിന്നെ തേടി വന്നിരുന്നു വിഷ്ണു….എന്നോട് പിണങ്ങി കർക്കിടക മഴയത്തു നീ സ്കൂളിൽ നിന്ന് നേരത്തെ ഓടി പോയി….നീ ഇവിടെ കാണുമെന്ന് കരുതി അമ്മയോട് കളവു പറഞ്ഞു ഞാനെത്തിയിരുന്നു…നീ പക്ഷെ വന്നില്ല…നിന്നെ നോക്കിയിരുന്ന എന്നെ ആ പുളുവൻ നായർ…ആ പുൽകാട്ടിലേക്കു വലിച്ചു കൊണ്ട് പോയി…അയാളെന്നെ……”

അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു…
“ഈ കല്ലിൽ ആണ് ഞാൻ തലയിടിച്ചു വീണത്…ഇതിലെയാണ് അയാൾ എന്നെ വലിച്ചു ഇഴച്ചു കൊണ്ട് പോയത്. ഈ കല്പടവുകളിലാണ് എന്റെ ചോര വീണത്.

നോക്കിനിൽക്കെ അമ്മിണിക്കുട്ടിയുടെ ചുറ്റും ചുവന്ന തുമ്പികൾ പറന്നു കളിച്ചു. അവ അമ്മിണിക്കുട്ടിയെ പൊതിഞ്ഞു…അവൾ ചോര തുള്ളികളായി പുഴയിൽ അലിഞ്ഞു…

“ന്താടാ കന്നാലി സ്വപ്നം കാണുവാണോ.”?

അവൻ ഞെട്ടി ഉണർന്നു…മുന്നിൽ അച്യുതൻ നായർ…

അയാളുടെ മടിശീലയിൽ അമ്മിണിക്കുട്ടിയുടെ കാണാതായ സ്വർണ പദസരത്തിന്റെ തുമ്പു നീണ്ടു കിടക്കുന്നു.

വിഷ്ണുവിന്റെ കൈകൾ അടുത്ത് കിടന്ന കരിങ്കല്ലിൽ പരതി.

അച്യുതൻ നായരുടെ തലമണ്ടക്ക് ചുറ്റും ചുവന്ന തുമ്പികൾ പറന്നു നടന്നു ….