കാർ മേഘം കഥ പറയുമ്പോൾ

നിർവികാരതയുടെ ഏണി  തുമ്പത്തു  ഗതകാല സ്വപ്നവും പേറി മുത്തശ്ശി ഇരുന്നു. പേരക്കുട്ടികൾ അടുത്ത് മൊബൈൽ ഫോണിൽ വിരൽ തോണ്ടി ഇരിക്കുന്നു. കരിന്തിരി കത്തുന്ന വിളക്കിൽ  വെന്ത പൊടിയീച്ചയുടെ വാസന…

“സമയമിതെത്രയായി .. ഇതെന്താ ഇനിയും പവിത്രൻ വരാത്തത്…?

“അച്ഛാച്ഛനിങ് വരും മുത്തശീ…പരിഭ്രമിക്കേണ്ട” അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു. മൂന്നാം തരം കഴിഞ്ഞതിന്റെ ഹുങ്കാണവൾക്കു.

അനിയൻ അപ്പു അടുത്തിരുന്നു ഗെയിം കളിക്കുന്നു.

“ഇതൊന്നു മതി ആക്കു എന്റെ കുട്ടികളെ…” റാണി വെള്ളം കോരിക്കൊണ്ടു തിണ്ണക്കു കയറുന്നു.

“ന്റെ കുട്ടിയെ ഇതെത്ര തവണ പറഞ്ഞിരിക്കുന്നു…വെള്ളം നിനക്ക് അന്തി മയങ്ങുന്ന മുമ്പേ കോരിക്കൂടെ…”

“അമ്മക്ക് പറഞ്ഞാ പോരെ…ഈ വീട്ടിലെ പണി കഴിയാതെ പോകാൻ ഒക്കുമോ?”

 

“അമ്മെ …. ഈ ചെക്കൻ വഴക്കിടുവാ…”

“അടങ്ങിയിരി അപ്പൂ …ന്റെ കൈയിൽ നിന്ന് നീ വാങ്ങും..”

 

“വിളക്കെണ്ണ വാങ്ങി വരുമോ അവനിന്നു…?” മുത്തശ്ശി ഗഗദ്ഗദം പുലമ്പി

 

“ഈ മൊബൈൽ ന്റെ നെറ്റ്തീർന്നു അമ്മെ..” മൂന്നാം ക്ലാസ്സു കാരി യുടെ പരിഭവം

“ആ സാധനത്തിൽ കണ്ണും നട്ടിരുന്നാൽ എങ്ങനാ തീരാതിരിക്കുക…ഇങ്ങു താ..”

 

“ന്തിനാ റാണി ഈ കുട്ടികൾക്കൊക്കെ ഇതൊക്കെ കൊടുക്കണത് … ഈ പ്രായത്തിൽ കഥ പുസ്തകമല്ലേ വായിക്കേണ്ടത്..”

 

“പുസ്തകം ഞങ്ങൾ സ്കൂളിൽ വായിക്കുന്നില്ലേ മുത്തശി ..?

 

“അമ്മൂ…ദേ അച്ചാച്ചൻ വരുന്നു…”

 

കുട്ടികൾ ചാടി ഇറങ്ങി പവിത്രന്റെ തോളിൽ കയറി….

 

ഇടനാഴിയിലെ മിന്നാ മിനുങ്ങിന്റെ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ പവിത്രൻ അവരെ കൊഞ്ചിച്ചു…

 

അകത്തേക്ക് കയറും വഴി :” ഇതാ അമ്മേടെ കൊഴമ്പു”

 

“കൊഴമ്പോ…അതിപ്പോ നന്നായി…ആരാ കൊഴമ്പു നിന്റേടത്തു ചോദിച്ചേ…ഞാൻ വിളക്കെണ്ണ കൊണ്ടോരനല്ലേ പറഞ്ഞത് പവിത്രാ …”

 

മെല്ലെ ചിരിക്കുന്ന റാണിയെ പവിത്രൻ നോക്കി…

 

“ഇഷ്ടിക കളത്തിൽ ഈ പിള്ളേരെ കൂടെ കൊണ്ടോയാലെന്താ..അവധി തുടങ്ങിയ മൊതല് അനുഭവിക്കുവാ..”

“അതാപ്പോ നിന്റെ തുന്നൽ കടയിലേക്ക് കൊണ്ടോവല്ലോ രണ്ടാളേം ..”

 

“വന്നു മേല് കഴുകി വല്ലോം തിന്നു.”..

 

“കാളൻ  ഉണ്ടാക്കീട്ടില്ലേ  റാണി..” മുത്തശ്ശി ഉമ്മറത്ത് നിന്ന് ചോദിച്ചു

 

” ഉണ്ടമ്മേ…അമ്മയല്ലേ കറിക്കു അരിഞ്ഞു തന്നത്…”

 

“‘അമ്മ മറന്നിട്ടുണ്ടാവുമെടീ..” പവിത്രൻ പറഞ്ഞു

 

***************************************************************************************************************

 

മെഴുകുതിരി വെളിച്ചത്തിൽ റാണി ഭക്ഷണം വിളമ്പുന്നു..” ഇതെന്താ ഇന്ന് മാത്രം ഈ കറന്റ് വരാത്തത്..?”

 

“അതിപ്പോ മഴക്കാറ് കണ്ടാൽ മതിയാലോ….” മുത്തശ്ശി പരിഭവം പറഞ്ഞു

 

” പവിത്രേട്ട …വന്നു ഭക്ഷണം കഴിക്കു…ഇതരോടാ ഇത്രേം വർത്തമാനം പറയാനുള്ളത് ?”

 

” സന്തോഷ് ആണെടീ….നാളെ കഴിഞ്ഞു ജില്ലാ സമ്മേളനമാണ്…നീ ചോറ് വിളമ്പു…രാത്രിയിൽ പണി കൊറേ ഉണ്ട്..”

 

“ചോറ് വിളമ്പി വച്ചിരിക്കുവാ…വന്നു കഴിക്കു..”

 

*******************************************************************************************************************

 

ഇടിമിന്നലുകളുടെ ധ്വനി മുഴങ്ങുന്നു…മെല്ലെ വീശുന്ന കാറ്റ് …

 

വാതിൽ തള്ളി തുറക്കുന്ന ശബ്ദം..

 

അപ്പുവിന്റെ കണ്ണിൽ ഭീതി പടരുന്നു…

 

പുറകിൽ ഭീമാകാരമായ നിഴലുകൾ താണ്ഡവമാടുന്നു…ആഞ്ഞു വീശിയ വാൾ മെഴുകുതിരിയെ അണക്കുന്നു…

 

കൂട്ട നിലവിളിയുടെ ഭയാനകത പിന്താങ്ങി ചോറിൽ വീണു കിടക്കുന്ന ചോര

 

അപ്പോഴും പവിത്രന്റെ അറ്റു പോയ തല ആകാശത്തെ കാർ മേഘത്തെ തേടി നടന്നു…….

 

 

 

 

*************************************

 

 

 

 

ഉറക്കത്തിന്റെ പാതി വഴി

പുഴയുടെ നീണ്ടു കിടക്കുന്ന കരങ്ങൾ പുതു മണ്ണിനെ പുൽകിപോകുമ്പോളാണ് അച്യുതൻ നായർ പശുവിനു പുല്ലു വെട്ടാൻ അതിലെ നടന്നു വന്നത്. പായല് പിടിച്ച കൽ പടവിന്റെ അരികിൽ വിഷ്ണു ഒറ്റക്കിരിക്കുകയായിരുന്നു. മുറുക്കി ചുവന്ന വായ കഴുകാനായി അച്യുതൻ നായർ കല്പടവുൾ ഇറങ്ങി. “ന്തെന്നെടാ കന്നാലി നീ ഇബടെ ഇരിയ്ക്കുന്നെ?”

വിഷ്ണുവിന് പരിഭ്രമം തോന്നി. ക്ഷേത്രത്തിൽ നിന്ന് ഉയരുന്ന ഭഗവതപാരായണം ഒരു കാരണമാക്കാമെന്നു അവനു തോന്നിയെങ്കിലും ഭഗവതിയുടെ കോപം ഭയന്ന് ഒന്നുമില്ല എന്ന് അവൻ മുരടനക്കി. അതത്ര ബോധിച്ചില്ല എന്ന് കണ്ടു അച്യുതൻ നായർ പശുവിനു പുല്ലരിയാണ് തുടങ്ങി. റബര് ചെരുപ്പ് മുറിച്ചു ഉണ്ടാക്കിയ ഇരു ചാടൻ വണ്ടി തന്റെ അരികിലേക്ക് നീക്കി വച്ച് അവൻ അച്യുതൻ നായരെ സാകൂതം നോക്കി.

“പുല്ലേപ്പറമ്പിലെ അമ്മിണിക്കുട്ടി മരിച്ചിട്ടു ഇന്നേക്ക് രണ്ടാഴ്ചയായി” …… പുല്ലു മുറിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു. ” ഡാ കന്നാലി, നീ ഇബടെ ഇങ്ങനെ ഒറ്റ ക്ക വന്നിരിക്കുക?”

” ആ കുട്ടി വെള്ളത്തിൽ മുങ്ങീല്ലേ മരിച്ചത്?.. നിന്റെയൊപ്പം അല്ലെ അതും പഠിച്ചത്?

” ആ…”

വിഷ്ണു ഒരു വാക്കിൽ ഉത്തരം മുഴുവിപ്പിച്ചു

“നിനക്കറിയാമോടാ അതെന്തിനാ ചത്തെന്നു?”

“നിക്കെങ്ങനെ അറിയാം?”

” പറഞ്ഞിട്ടെന്താ..സ്വത്തിലൊന്നും ഒന്നുമില്ലെടാ,,, ദൈവം വിളിക്കുമ്പോ ആരായാലും പോണം…പടിഞ്ഞാറിരുന്നു കൂമൻ മൂളിയപ്പോഴേ ഞാനോർത്തത് ആരേലും പോകുമെന്ന്…വാര്യത്തെ തള്ളയാകുമെന്ന കരുതീത്…പക്ഷെ”

വിഷ്ണുവിന് കുറേശ്ശെ പേടി തോന്നി. തെക്കുനിന്നും വന്ന കാറ്റിന് അരളിപ്പൂവിന്റെ ഗന്ധം….
അതവന്റെ വാസന ഗ്രന്ധികളെ തൊട്ടു തലോടി. ഓർമ്മകൾ ഏതോ കുന്നിൻ പുറത്തു മേയാൻ വിട്ടു അവൻ കണ്ണുകൾ അടച്ചു..

“വിഷ്ണു ഇവിടെ എന്തെടുക്കുവാ ?”
പട്ടു പാവാട അണിഞ്ഞു അമ്മിണിക്കുട്ടി. അവൻ ഞെട്ടലോടെ അവളെ നോക്കി. ചന്ദനക്കുറിയിൽ നിറഞ്ഞ ശ്രീത്വം അവളുടെ പുഞ്ചിരിയിൽ പ്രസരിച്ചു.

” അമ്മിണിക്കുട്ടി ചത്തില്ലേ?”
അവൾ ആഞ്ഞു ചിരിച്ചു
” ചാകുകയോ….ആരാ വിഷ്ണുവിനോട് ഈ പുളു പറഞ്ഞത്?”
” ദേ ഇപ്പൊ ചന്നോട്ടെ ആ പുളുവൻ നായർ ആണ്”
” അയാളോ അയാളിന്നലെ എന്റടുത്തു പറയ്ക അയാളുടെ മകൻ ഇക്കുറി ബോംബയിൽ നിന്ന് വന്നത് വിമാനത്തിലാണെന്നു.”
“അല്ലെ?”
“കുന്തം…നീ ഒരു പാവമാ എല്ലാരേം വിശ്വസിക്കും”
“ഓ അങ്ങനാണോ.”
“അയാളുടെ മകനവിടെ ഏതോ ഹോട്ടലിൽ കുശിനിപ്പണിയ”
“നിനക്കാതെങ്ങനെ അറിയാം?”
“വല്യമ്മാവൻ പറയുന്ന കേട്ട്”

കല്പടവിന്റെ താഴത്തു പരൽ മീനുകൾ പതിവില്ലാതെ വന്നു എത്തി നോക്കുന്നു. ഇളം വെയിൽ പുഴയെ തൊട്ടു തലോടുന്നു. കാറ്റിന്റെ സംഗീതം ഇല്ലിക്കാട് ഏറ്റു പാടുന്നു.

” ഇന്നിവിടെ ഇരിക്കാൻ നല്ല രസം തോന്നുന്നു അല്ലെ വിഷ്ണു?”
” പണ്ടിവിടെ നിറയെ തുമ്പികൾ ഉണ്ടാരുന്നു….ആ പുളു നായർ വന്നു അയാടെ പശുവിനു പുല്ലു പറിച്ചു അവറ്റകളൊന്നും ഇല്ല ഇപ്പൊ..”
“നിനക്ക് തുമ്പികൾ അത്രക്കിഷ്ട?”
“മ്”
“നീ അങ്ങോട്ട് ഒന്ന് നോക്കിക്കേ?”

അമ്മിണിക്കുട്ടി കൈ ചൂണ്ടിയിടത്തേക്കു വിഷ്ണുവിന്റെ നോട്ടം ഊളിയിട്ടു. ചുവന്ന തുമ്പികൾ
ഒന്നല്ല ഒരായിരം ഉണ്ട്….അവയിങ്ങനെ വെള്ളത്തിന്റെ മുകളിലൂടെ തത്തിക്കളിക്കുകയാണ്

വിഷ്ണു ആഹ്ലാദത്തോടെ അമ്മിണിക്കുട്ടിയെ നോക്കി. അവൾ കൈ കൊട്ടി ചിരിക്കുന്നു.

“ഒന്നും എങ്ങും പോയിട്ടില്ല വിഷ്ണു…എല്ലാം നിന്റെ ഹൃദയത്തിലുള്ളടത്തോളം കാലം…”
വിഷ്ണുവിന്റെ ഹൃദയം നിറഞ്ഞു. കാല്പനികതയുടെ ഏതോ ഒരു വിഹായസ്സിൽ അവൻ പറന്നു നടന്നു …ആ തുമ്പികളും ഒന്നിച്ചു…

അമ്മിണിക്കുട്ടി കണം കാലോളം വെള്ളത്തിൽ ഇറങ്ങി…സ്വർണ പദസരത്തിലേക്കു മീനുകൾ ഉമ്മ വക്കാൻ നീന്തി അടുത്തു…അവൾ ഇക്കിളി പൂണ്ടു ചിരിച്ചു…അവളുടെ കാലിലേക്ക് നോക്കിയ വിഷ്ണു പകച്ചു പോയി. കാലിൽ നിന്ന് അരിച്ചിറങ്ങുന്ന കട്ടച്ചോര..

“അമ്മിണികുട്ടി ” അവൻ ഉറക്കെ വിളിച്ചു..

“അന്നും ഞാൻ നിന്നെ തേടി വന്നിരുന്നു വിഷ്ണു….എന്നോട് പിണങ്ങി കർക്കിടക മഴയത്തു നീ സ്കൂളിൽ നിന്ന് നേരത്തെ ഓടി പോയി….നീ ഇവിടെ കാണുമെന്ന് കരുതി അമ്മയോട് കളവു പറഞ്ഞു ഞാനെത്തിയിരുന്നു…നീ പക്ഷെ വന്നില്ല…നിന്നെ നോക്കിയിരുന്ന എന്നെ ആ പുളുവൻ നായർ…ആ പുൽകാട്ടിലേക്കു വലിച്ചു കൊണ്ട് പോയി…അയാളെന്നെ……”

അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു…
“ഈ കല്ലിൽ ആണ് ഞാൻ തലയിടിച്ചു വീണത്…ഇതിലെയാണ് അയാൾ എന്നെ വലിച്ചു ഇഴച്ചു കൊണ്ട് പോയത്. ഈ കല്പടവുകളിലാണ് എന്റെ ചോര വീണത്.

നോക്കിനിൽക്കെ അമ്മിണിക്കുട്ടിയുടെ ചുറ്റും ചുവന്ന തുമ്പികൾ പറന്നു കളിച്ചു. അവ അമ്മിണിക്കുട്ടിയെ പൊതിഞ്ഞു…അവൾ ചോര തുള്ളികളായി പുഴയിൽ അലിഞ്ഞു…

“ന്താടാ കന്നാലി സ്വപ്നം കാണുവാണോ.”?

അവൻ ഞെട്ടി ഉണർന്നു…മുന്നിൽ അച്യുതൻ നായർ…

അയാളുടെ മടിശീലയിൽ അമ്മിണിക്കുട്ടിയുടെ കാണാതായ സ്വർണ പദസരത്തിന്റെ തുമ്പു നീണ്ടു കിടക്കുന്നു.

വിഷ്ണുവിന്റെ കൈകൾ അടുത്ത് കിടന്ന കരിങ്കല്ലിൽ പരതി.

അച്യുതൻ നായരുടെ തലമണ്ടക്ക് ചുറ്റും ചുവന്ന തുമ്പികൾ പറന്നു നടന്നു ….

ഗതി

c7de43fcdca43da2455e815f941736f7-219x300

ഗതിയുടെ മുമ്പിൽ വേറെ വഴി ഇല്ലായിരുന്നു. ബാത്ത് ടബ്ബിലെ നിശ്ചലമായ വെള്ളത്തിലൂടെ ഊർന്നു ഇറങ്ങുന്ന രക്ത തുള്ളികളെ നോക്കി അവൾ കിടന്നു. കൈത്തണ്ട വരഞ്ഞു ഇറങ്ങുന്ന ചോരയുടെ ഗന്ധത്തെ  അവൾ  ഒട്ടും തന്നെ ഗൗനിച്ചില്ല.

*********

 

ഷേണായി ഉച്ചക്ക് വന്നു പണത്തിനായി ബഹളമുണ്ടാക്കിയപ്പോൾ സഹനത്തിന്റെ അവസാന എട് എന്താണെന്നു അവൾക്കു ബോധ്യമായി. അർജുൻ അവളെ വിട്ടു നടാഷയെ വിവാഹം ചെയ്തപ്പോൾ, ലിവിങ് റ്റുഗെതെർ എന്ന ഭ്രാന്ത് വന്യമായ ഒരു ക്രൂരതയായതു അവൾ നടുക്കത്തോടെ മനസ്സിലാക്കി. ബാൽക്കണിയിൽ അവൻ വരച്ച ബുദ്ധന്റെ ചിത്രം നിറം മങ്ങി, ചിലന്തിവല പിടിച്ചു കിടന്നിരുന്നു…കശാപ്പു കാരന്റെ കണ്ണുള്ള ഷേണായിക്ക് ഇപ്പോൾ വേണ്ടത് പണമല്ല. ഒറ്റക്കായ  സ്ത്രീ എപ്പോഴും  അബലയാണെന്നുള്ള തോന്നലുകൊണ്ടാകാം  അയാൾ കഴിഞ്ഞ ദിവസം അങ്ങിനെ പെരുമാറിയത്…

 

*********

അമ്മാവനെയും അമ്മായിയേയും വെല്ലു വിളിച്ചു അർജുന്റെ കൂടെ ബൈക്കിൽ ഇരിക്കുമ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു ഗതിക്ക്‌ . അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞപ്പോഴാണ് ഗതിയിൽ വിപ്ളവ്വം മുളച്ചു തുടങ്ങിയത്. കോളേജ് വരാന്തയിൽ, അസൈൻമെന്റ് വയ്ക്കാതെ പുറത്തായപ്പോഴാണ് അർജുനെ  ആദ്യമായി കാണുന്നത്. എസ് എഫ് ഐ യുടെ സമര ബാനർ എഴുതുകയായിരുന്നു അവൻ, ഒരു ബ്രഷ് പല്ലു കൊണ്ട് കടിച്ചു പിടിച്ചു മറ്റൊന്ന് കൊണ്ട് തൂവെള്ള തുണിയിൽ വിപ്ലവം കുറിക്കുകയായിരുന്നു അവൻ. അവൻ എഴുതുന്ന അക്ഷരങ്ങളിലെ ഒരു തുള്ളി മഷിപ്പാട് അവന്റെ കൺ കോണിൽ  പറ്റി  ഇരിപ്പുണ്ടായിരുന്നു. പിന്നെയും ഒരുപാടു തവണ ഗതിയുടെ നോട്ടത്തിന്റെ കോണിൽ അവൻ ഒളിച്ചിരുന്ന്. ചിന്തകളുടെ ഒടുവിൽ എങ്ങിനെയോ കിട്ടിയ ഒരു നിമിഷത്തെ ധൈര്യത്തിന്റെ പടിവാതിൽ ചവിട്ടി തുറന്നു അന്ന് ഗതി അവന്റെ മുമ്പിൽ എത്തി. വിറയ്ക്കുന്ന അധരങ്ങളോടെയാണ് വാക്കുകളെ അവൾ പുറത്തേക്കു വിട്ടത്. അർജുൻ അന്ന് അത് ചിരിച്ചു തള്ളിയതെ ഉള്ളു. ചെമ്പകം പൂത്തു നിന്ന ഈറൻ സന്ധ്യയിൽ എപ്പോഴോ കഞ്ചാവ് മണക്കുന്ന ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു അർജുൻ അവളുടെ ചുണ്ടുകൾ കവർന്നു. അവന്റെ വിയർപ്പു പൊടിഞ്ഞ മാറിൽ തല ചായ്ച്ചു കിടന്നപ്പോഴാണ് അവൻ വലിക്കുന്ന ബീഡിപ്പുകയ്ക്കു വേറെ മണമാണെന്നു അവൾക്കു ബോധ്യമായത്.

 

ഫ്ളാറ്റിലെ കര കര മുരടുന്ന ഫാനിന്റെ കീഴിലെ ജീവിതം വർണം മങ്ങിത്തുടങ്ങിയിരുന്നു. അർജുന്റെ കൈയിൽ ഇപ്പോഴും പണമുണ്ടായിരുന്നു. അതെവിടെയെന്നുള്ള ചോദ്യം ഒരു ചോദ്യചിഹ്നമായിത്തന്നെ അവളുടെ മനസ്സിൽ കുടിയേറി പാർത്തു.

 

ചികഞ്ഞു ചോദിച്ചപ്പോഴൊക്കെ അവൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഒടുവിൽ കിച്ചണിന്റെ പുറകിൽ പാഴ് വസ്തുക്കൾ വച്ചിരുന്ന ഇടതു നിന്നാണ് കഞ്ചാവിന്റെ സഞ്ചി പോലീസ് കണ്ടെത്തിയത്. നിസ്സഹായയായി നോക്കി നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു. സഹായിക്കാൻ ആരും മുന്നോട്ടു വരില്ല എന്നുള്ളതിനാലാണ് അവൾ തനിച്ചു മുനിസിപ്പാലിറ്റിയിലെ പ്യൂൺ ഗോപാലൻ ചേട്ടനെ കാണാൻ ഇറങ്ങിയത്. ജോലി കളഞ്ഞു അവൾ അവനെ ഇറക്കിക്കൊണ്ടു വരാൻ ഗോപാലൻ ചേട്ടനുമൊന്നിച്ചു അലഞ്ഞു നടന്നു. ഇനി ഇതാണ് ആവർത്തിക്കില്ല എന്നുള്ള ഉറപ്പു കഞ്ചാവിന്റെ പുകയുടെകൂടെ ഓടി ഒളിച്ചു. പിന്നെയും ദിനരാത്രങ്ങൾ കൊഴിഞ്ഞു .

 

***********

 

ഏകാന്തത അവളെ പിന്നെയും തേടി വന്നു. അർജുൻ വീട്ടിൽ വന്നിട്ട് ദിവസങ്ങളായി. ബ്ലേഡ് കമ്പനിയിലെ ജോലി ഉള്ളതുകൊണ്ട് മാത്രം അവൾ ജീവിച്ചു പൊന്നു. അർജുനെ ജയിലിൽ നിന്ന് ഇറക്കാൻ ഷേണായിയുടെ കൈയിൽ നിന്നും  വാങ്ങിയ ഭീമമായ തുകയുടെ പലിശ അടച്ചു തീരുമ്പോൾ പിന്നെ അവളുടെ പക്കൽ പണം മറ്റൊന്നിനും തികയാതെ വരും. വാടക ചോദിച്ചു ഔസേപ്പു മടുത്തു, ഒടുവിൽ വീടുവിട്ടു ഇറങ്ങിക്കോളാൻ പറഞ്ഞു.

 

ബസ് സ്റ്റാൻഡിൽ വച്ചാണ് ആയിടെ അമ്മാവനെ കണ്ടത്. ക ണ്ണീരിന്റെ ഉപ്പിൽ ചാലിച്ചാണ് സങ്കടങ്ങൾ അവൾ പറഞ്ഞതു. പ്രതീക്ഷിച്ചതു പോലെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കഴിഞ്ഞു അയാൾ എഴുന്നേറ്റു പോയി. അവൾ ഒഴിഞ്ഞുപോയതിന്റെ ആ ശ്വാ സത്തിൽ അയാൾ ബസ് പിടിച്ചു.

 

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോഴാണ് ടീന ആ വിവരം പറയുന്നത്. അർജുൻ വേറെ  വിവാഹം കഴിചെന്ന് . ആദ്യം ചെവിക്കുള്ളിൽ ഒരു ഇരമ്പലാണ് കേട്ടത്, പിന്നെ ചുവരിലെ ഫാൻ ഒഴികെ മറ്റെല്ലാം കറങ്ങുന്നതായി തോന്നി. ആരൊക്കെയോ കലപില ശബ്ദം കൂട്ടുന്നതും, ആംബുലൻസിന്റെ അലമുറ ശബ്ദവും മാത്രം അവളുടെ സ്മൃതിയിൽ തങ്ങി നിന്നു. ബോധം വീണപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. സലൈൻ ബോട്ടിലിൽ നിന്ന് വീഴുന്ന തുള്ളികൾ ഞരമ്പുകൾ ആർത്തിയോടെ കുടിക്കുന്നു. കണ്ണ് തുടച്ചു കൊണ്ട് ടീന അടുത്തിരിപ്പുണ്ട്. എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നതിനു മുൻപ്  ഡോക്ടർ അടുത്ത് വന്നു.

 

“പേടിക്കാനൊന്നുമില്ല ഗതി…തൻ ഒരു അമ്മയാകാൻ പോകുന്നു.”

ഹൃദയമാകുന്ന ആകാശത്തു വെള്ളിടി വീണതും കാർമേഘം നിറഞ്ഞതും ഗതിയറിഞ്ഞു…..