ഭൂമിയുടെ മീതെ പറന്നു നീങ്ങുന്ന ആകാശ ശകലങ്ങളെ നോക്കി പണ്ടാര കിണർ കിടന്നു. വായിൽ നിറയെ ഉമിനീരും അതിലേറെ അഴുക്കും നിറച്ചു അടുത്ത് നിന്ന കൊന്ന മരത്തിലെ ഇലകൾ വീണു ചീഞ്ഞു തവളകളേയും പേറി പണ്ടാര കിണർ കിടക്കാൻ തുടങ്ങിയിട്ട് വര്ഷം പത്തായി. ക്ഷേത്രത്തിനടുത്തുള്ള ലക്ഷം വീട് കോളനിക്കാരുടെ വോട്ടു ലാക്കാക്കി മെമ്പർ രമണൻ പണിഞ്ഞു കൊടുത്തതാണ് പണ്ടാരക്കിണർ. കിണറിന്റെ വലുപ്പം കൊണ്ടാവണം നാട്ടുകാർ അതിനെ പണ്ടാരക്കിണർ എന്ന് വിളിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ എല്ലാ വീടുകളുടെയും ജീവിതങ്ങളുടെയും നിറം മാറിത്തുടങ്ങിയത് കൊണ്ടാവണം പണ്ടാരക്കിണർ നാഥനില്ലാത്ത കിടക്കുന്നത് . ഒരു തോട്ടി എപ്പോൾ തന്റെ വായ്ക്കുള്ളിൽ വീഴും എന്ന് നോക്കി കിടക്കുകയാണ് അത്. പണ്ട് മൂന്നു തോട്ടികൾ ഒന്നായി അവന്റെ വായിൽ പതിച്ചു ഭും ശബ്ദം ഉണ്ടാക്കിയിരുന്നു. കോളനിയിലെ പത്തു നാൽപ്പതു കുടുംബങ്ങൾ പകൽ മുതൽ സന്ധ്യ വരെ വെള്ളം കോരി അവനെ ആനന്ദിപ്പിച്ചിരുന്നു. ഇപ്പോൾ വികൃതമായിക്കിടക്കുന്ന അവന്റെ കോലവും പായൽ പിടിച്ചു കിടക്കുന്ന വലിയ സിമന്റ് ദേഹവും വൃത്തിഹീനമായ വെള്ളവും ബാക്കിയായി. ഗ്രാമങ്ങളെല്ലാം വികസിച്ചപ്പോൾ സൗകര്യങ്ങളും കൂടി. വീട് തോറും പൈപ്പ് കണക്ഷൻ കൂടെ ആയപ്പോൾ പണ്ടാരകിണറിന്റെ ആവശ്യം ഇല്ലാതെ വന്നു. നാലു വര്ഷങ്ങള്ക്കു മുമ്പ് ‘തീറ്റ രവി’ അയാളുടെ പശുവിനെ കൊണ്ടുവന്നു കുളിപ്പിക്കുമായിരുന്നു. ആ കുറുമ്പി പശു അവിടെയാകെ ചാണകം മെഴുകി ഭേഷാക്കുമായിരുന്നു. ഇപ്പോളാകട്ടെ പുതിയ കുട്ടികൾക്ക് ചാണകം അലര്ജി ആണെന്ന് പോലും, പ്രത്യേകിച്ച് കാന്താരി രമണിയുടെ മകൾ ശാലിനിക്ക്. പണ്ട് കിണറ്റിന്റെ ചുവട്ടിൽ കുളിച്ചിരുന്നവളാ, ഇപ്പൊ കോളേജിൽ ചേർന്നതിനു ശേഷം കുളി ഒക്കെ വീടിനുള്ളിൽ ആക്കി. പ്രത്യേകിച്ച് പരാതി ഒന്നും ഇല്ലാതെ കിണർ തണുത്തു കിടന്നു.
കോരിച്ചൊരുന്ന തുലാവര്ഷത്തിനിടയിലാണ് മീശ വീരപ്പന്റെ ഇളയ സന്തതി കിണറിന്റെ അര ഭിത്തിയിൽ കയറി മൂത്രം ഒഴിച്ചത്. അത് കണ്ട തങ്ക കൊച്ചമ്മ ചെക്കനെ വലിച്ചു താഴെ ഇറക്കി ചന്തിക്കു രണ്ടു പെട കൊടുത്തു. നനഞ്ഞൊലിച്ചു വീട്ടിൽ കയറി കുട മടക്കുമ്പോഴേക്കും മീശ വീരപ്പൻ ചെക്കനേയും കൊണ്ട് വഴക്കിനു വന്നു. ഇന്നലെ വച്ച ചാള മീൻ കറി എടുത്തു തങ്ക കൊച്ചമ്മ വീരപ്പന്റെ മോന്തക്ക് ഒഴിച്ചു് . മുഖത്തിറങ്ങുന്ന കറി നക്കി വീരപ്പൻ ചോദിച്ചു.: ” ചാള ആണ് അല്ലിയോ”?
ഇത് കണ്ടു വീരപ്പന്റെ ഭാര്യ കലി തുള്ളി വീരപ്പനെ പുറത്തിനിട്ടു തൊഴിച്ചു നിലത്തു വീഴ്ത്തി. തങ്ക കൊച്ചമ്മ പിന്നെ ഒന്നും നോക്കിയില്ല മടക്കി വച്ച കുട എടുത്തു പോരിനിറങ്ങി. വീരപ്പന്റെ ഭാര്യയാട്ടെ അടുത്ത് കിടന്ന ഒരു വിറകു കഷ്ണം കൊണ്ട് അടികൾ തടുത്തു കൊണ്ടേ ഇരുന്നു.
അവരങ്ങനെ ഏതോ യുദ്ധ നായികമാർ വാൾ പയറ്റ് നടത്തുന്ന പോലെ ആക്രമിച്ചു നിന്നപ്പോഴാണ് പണ്ടാരക്കിണർ നിറഞ്ഞു കവിഞ്ഞത്. പണ്ടാരക്കിണറിന്റെ വയറ്റിൽ നിന്നും കൊന്ന ഇലകളും തവളകളും ചാടി വന്നു. വീരപ്പൻ കൊട്ട തവളകളെ പിടിക്കാൻ പാഞ്ഞു നടന്നു.
കുഞ്ഞുണ്ണി ആശാന്റെ വരാന്തയിൽ , ചാര് കസേരയിൽ പ്രതിഷ്ഠിച്ചിരുന്ന മാത്തുണ്ണി അപ്പച്ചൻ കണ്ണാടി ചില്ലിൽ ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി പറഞ്ഞു
:” വെള്ളപ്പൊക്കം”….
പൊടുന്നനെ റോഡ് മുഴുവൻ വെള്ളമായി….പണ്ടാരക്കിണർ പിന്നെയും തോരാതെ ഛർദ്ദിക്കുവാൻ തുടങ്ങി…
കുട്ടന്റെ വാഴത്തോട്ടത്തിലെ കണ്ണൻ ചെമ്പു മുഴുവൻ അടിയോടെ ഇളകി മറിഞ്ഞു നടന്നു. ചാവാലിപ്പട്ടികൾ വാ തോരാതെ കുരച്ചു ഒഴുകി നടന്നു.
പിന്നെയും നിറഞ്ഞൊഴുകുന്ന വെള്ളവും നോക്കി അരയാൽ നിർവികാരം പൂണ്ടു. എന്ത് ചെയ്യണമെന്നറിയാതെ സന്ധ്യ നേരത്തെ മയങ്ങി. വരാന്തയിൽ തന്നെ ഇരുന്നു മാത്തുണ്ണി അപ്പച്ചൻ ഉറക്കം പിടിച്ചു.
നേരം വെളുത്തു…വെള്ളമെല്ലാം ഇറങ്ങി…തങ്ക കൊച്ചമ്മ രാവിലെ കാപ്പി തിളപ്പിക്കാൻ വെള്ളം നോക്കി പൈപ്പ് തുറന്നപ്പോൾ രണ്ടു തുള്ളി ചരൽ വെള്ളം ഇറ്റു വീണു . കലിതുള്ളി അവർ കിണറ്റിൻ കരയിലേക്ക് നടന്നു. പൂഴി നനഞ്ഞു ചള്ളയായി തെന്നുന്ന വരമ്പിലൂടെ കിണറിന്റെ മുഖപടവും നോക്കി അവർ നടന്നു…ലക്ഷം വീട് കോളനിയിലെ പെണ്ണുങ്ങളെല്ലാം അവരെ അനുഗമിച്ചു. കാന്താരി രമണിയുടെ മകൾ ശാലിനി അഭിമാനം മറന്നു കൂടെ ഒരു കാലവുമായി ഇറങ്ങി . വഴിവരമ്പിലൂടെ അവർ ഒന്നിന് പിറകെ ഒന്നായി നടന്നു വരുന്ന കാഴ്ചകാണാൻ പണ്ടാരക്കിണർ അവിടെയുണ്ടായിരുന്നില്ല. മഴവെള്ളപ്പാച്ചിലിൽ പാഞ്ഞു വന്ന പൊടിമണൽ കൂമ്പാരത്തിൽ അതെവിടെയോ ഭൂമിയുടെ ആഴങ്ങളിലേക്ക് മണ്മറഞ്ഞിരുന്നു…പണ്ടെങ്ങോ അതിൽ പതിച്ചിരുന്ന മെമ്പർ രമണന്റെ പോസ്റ്റർ ഒരു ബാക്കി പാത്രമായി അവിടെ കിടന്നിരുന്നു…