നിർവികാരതയുടെ ഏണി തുമ്പത്തു ഗതകാല സ്വപ്നവും പേറി മുത്തശ്ശി ഇരുന്നു. പേരക്കുട്ടികൾ അടുത്ത് മൊബൈൽ ഫോണിൽ വിരൽ തോണ്ടി ഇരിക്കുന്നു. കരിന്തിരി കത്തുന്ന വിളക്കിൽ വെന്ത പൊടിയീച്ചയുടെ വാസന…
“സമയമിതെത്രയായി .. ഇതെന്താ ഇനിയും പവിത്രൻ വരാത്തത്…?
“അച്ഛാച്ഛനിങ് വരും മുത്തശീ…പരിഭ്രമിക്കേണ്ട” അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു. മൂന്നാം തരം കഴിഞ്ഞതിന്റെ ഹുങ്കാണവൾക്കു.
അനിയൻ അപ്പു അടുത്തിരുന്നു ഗെയിം കളിക്കുന്നു.
“ഇതൊന്നു മതി ആക്കു എന്റെ കുട്ടികളെ…” റാണി വെള്ളം കോരിക്കൊണ്ടു തിണ്ണക്കു കയറുന്നു.
“ന്റെ കുട്ടിയെ ഇതെത്ര തവണ പറഞ്ഞിരിക്കുന്നു…വെള്ളം നിനക്ക് അന്തി മയങ്ങുന്ന മുമ്പേ കോരിക്കൂടെ…”
“അമ്മക്ക് പറഞ്ഞാ പോരെ…ഈ വീട്ടിലെ പണി കഴിയാതെ പോകാൻ ഒക്കുമോ?”
“അമ്മെ …. ഈ ചെക്കൻ വഴക്കിടുവാ…”
“അടങ്ങിയിരി അപ്പൂ …ന്റെ കൈയിൽ നിന്ന് നീ വാങ്ങും..”
“വിളക്കെണ്ണ വാങ്ങി വരുമോ അവനിന്നു…?” മുത്തശ്ശി ഗഗദ്ഗദം പുലമ്പി
“ഈ മൊബൈൽ ന്റെ നെറ്റ്തീർന്നു അമ്മെ..” മൂന്നാം ക്ലാസ്സു കാരി യുടെ പരിഭവം
“ആ സാധനത്തിൽ കണ്ണും നട്ടിരുന്നാൽ എങ്ങനാ തീരാതിരിക്കുക…ഇങ്ങു താ..”
“ന്തിനാ റാണി ഈ കുട്ടികൾക്കൊക്കെ ഇതൊക്കെ കൊടുക്കണത് … ഈ പ്രായത്തിൽ കഥ പുസ്തകമല്ലേ വായിക്കേണ്ടത്..”
“പുസ്തകം ഞങ്ങൾ സ്കൂളിൽ വായിക്കുന്നില്ലേ മുത്തശി ..?
“അമ്മൂ…ദേ അച്ചാച്ചൻ വരുന്നു…”
കുട്ടികൾ ചാടി ഇറങ്ങി പവിത്രന്റെ തോളിൽ കയറി….
ഇടനാഴിയിലെ മിന്നാ മിനുങ്ങിന്റെ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ പവിത്രൻ അവരെ കൊഞ്ചിച്ചു…
അകത്തേക്ക് കയറും വഴി :” ഇതാ അമ്മേടെ കൊഴമ്പു”
“കൊഴമ്പോ…അതിപ്പോ നന്നായി…ആരാ കൊഴമ്പു നിന്റേടത്തു ചോദിച്ചേ…ഞാൻ വിളക്കെണ്ണ കൊണ്ടോരനല്ലേ പറഞ്ഞത് പവിത്രാ …”
മെല്ലെ ചിരിക്കുന്ന റാണിയെ പവിത്രൻ നോക്കി…
“ഇഷ്ടിക കളത്തിൽ ഈ പിള്ളേരെ കൂടെ കൊണ്ടോയാലെന്താ..അവധി തുടങ്ങിയ മൊതല് അനുഭവിക്കുവാ..”
“അതാപ്പോ നിന്റെ തുന്നൽ കടയിലേക്ക് കൊണ്ടോവല്ലോ രണ്ടാളേം ..”
“വന്നു മേല് കഴുകി വല്ലോം തിന്നു.”..
“കാളൻ ഉണ്ടാക്കീട്ടില്ലേ റാണി..” മുത്തശ്ശി ഉമ്മറത്ത് നിന്ന് ചോദിച്ചു
” ഉണ്ടമ്മേ…അമ്മയല്ലേ കറിക്കു അരിഞ്ഞു തന്നത്…”
“‘അമ്മ മറന്നിട്ടുണ്ടാവുമെടീ..” പവിത്രൻ പറഞ്ഞു
***************************************************************************************************************
മെഴുകുതിരി വെളിച്ചത്തിൽ റാണി ഭക്ഷണം വിളമ്പുന്നു..” ഇതെന്താ ഇന്ന് മാത്രം ഈ കറന്റ് വരാത്തത്..?”
“അതിപ്പോ മഴക്കാറ് കണ്ടാൽ മതിയാലോ….” മുത്തശ്ശി പരിഭവം പറഞ്ഞു
” പവിത്രേട്ട …വന്നു ഭക്ഷണം കഴിക്കു…ഇതരോടാ ഇത്രേം വർത്തമാനം പറയാനുള്ളത് ?”
” സന്തോഷ് ആണെടീ….നാളെ കഴിഞ്ഞു ജില്ലാ സമ്മേളനമാണ്…നീ ചോറ് വിളമ്പു…രാത്രിയിൽ പണി കൊറേ ഉണ്ട്..”
“ചോറ് വിളമ്പി വച്ചിരിക്കുവാ…വന്നു കഴിക്കു..”
*******************************************************************************************************************
ഇടിമിന്നലുകളുടെ ധ്വനി മുഴങ്ങുന്നു…മെല്ലെ വീശുന്ന കാറ്റ് …
വാതിൽ തള്ളി തുറക്കുന്ന ശബ്ദം..
അപ്പുവിന്റെ കണ്ണിൽ ഭീതി പടരുന്നു…
പുറകിൽ ഭീമാകാരമായ നിഴലുകൾ താണ്ഡവമാടുന്നു…ആഞ്ഞു വീശിയ വാൾ മെഴുകുതിരിയെ അണക്കുന്നു…
കൂട്ട നിലവിളിയുടെ ഭയാനകത പിന്താങ്ങി ചോറിൽ വീണു കിടക്കുന്ന ചോര
അപ്പോഴും പവിത്രന്റെ അറ്റു പോയ തല ആകാശത്തെ കാർ മേഘത്തെ തേടി നടന്നു…….
*************************************